ഓസ്ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിനായി 287 നാമനിർദേശങ്ങൾ ലഭിച്ചതായി നോർവീജിയൻ നൊബേൽ കമ്മിറ്റി അറിയിച്ചു. ഇതിൽ 208 പേർ വ്യക്തികളും അവശേഷിക്കുന്നതു സംഘടനകളുമാണ്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പേരും നിർദേശിക്കപ്പെട്ടിരിക്കാമെന്നാണു കമ്മിറ്റി വക്താവ് പറഞ്ഞത്. നാമനിർദേശ പ്രക്രിയ അതീവ രഹസ്യമായതിനാൽ ഇക്കാര്യത്തിൽ തീർപ്പു പറയനാവില്ല. ട്രംപിനെ ഈ വർഷത്തെ സമാധാന നൊബേലിനു ശിപാർശ ചെയ്യുമെന്ന് ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ലെയോ പതിനാലാമൻ മാർപാപ്പ, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ തുടങ്ങിയവരുടെ പേരുകൾ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.